
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 45 ദിവസം നീണ്ടുനിന്ന ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ മഹാകുംഭമേള ശിവരാത്രി ദിനമായ ഇന്നത്തെ സ്‌നാനം നടക്കുന്നതോടെ അവസാനിക്കും. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയുടെ അവസാന ദിവസമായ ഇന്ന് ഭക്തരുടെ വലിയതോതിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഇതുവരെ 63.36 കോടി ആളുകള്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയെന്നാണ് കണക്ക്. ഇന്നത്തെ സ്‌നാനം പുലര്‍ച്ചെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തെ സ്‌നാനത്തിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. തിങ്കളാഴ്ച അതിരാവിലെ മുതല്‍ വന്‍ ജനക്കൂട്ടമാണ് അവസാന ‘അമൃത് സ്‌നാനം’ ത്തിനായി എത്തിയത്. ജനക്കൂട്ട നിയന്ത്രണം, മെച്ചപ്പെട്ട ശുചിത്വം, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സുരക്ഷാ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ എന്നിവയ്ക്കായുള്ള വിപുലമായ ക്രമീകരണങ്ങള്‍ ഇതിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.

ജനുവരി 26-ന് മൗനി അമാവാസിയോടനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30-ലധികം പേര്‍ മരിക്കുകയും 60-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ക്രമീകരണങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും മിക്ക നേതാക്കളും പരസ്പരം കൊമ്പുകോര്‍ക്കുന്നതും വലിയ രാഷ്ട്രീയ സംഘര്‍ഷത്തിനും കുംഭമേള സാക്ഷ്യം വഹിച്ചു. കുംഭമേളയിലെ സുരക്ഷയും ഒരുക്കങ്ങളും അടക്കം പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവര്‍ മതത്തെയും സംസ്‌കാരത്തെയും അവഹേളിക്കുന്നതായി ആരോപിച്ച് തിരിച്ചടിച്ചു.

സ്‌നാനം നടക്കുന്ന നദിയിലെ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നും ജലം കുളിക്കാന്‍ യോഗ്യമല്ലെന്നും സൂചിപ്പിച്ച റിപ്പോര്‍ട്ടുകളായിരുന്നു കുംഭമേളയെ മറ്റൊരു വലിയ വിവാദത്തിലേക്ക് നയിച്ചത്. എന്നാല്‍, വിമര്‍ശകര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് അതിനെയും മറികടന്നു.
