
ന്യൂഡല്‍ഹി : വീണ്ടും വിവാദത്തില്‍പ്പെട്ട് മഹാരാഷ്ട്ര കൃഷി മന്ത്രി മണിക്‌റാവു കൊക്കാട്ടെ. നിയമസഭയിലിരുന്ന് തന്റെ ഫോണില്‍ ഓണ്‍ലൈന്‍ കാര്‍ഡ് ഗെയിമായ ജംഗ്ലി റമ്മി കളിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് വിവാദമായത്. സിന്നാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിലെ എംഎല്‍എയാണ് മണിക് റാവു കൊക്കാട്ടെ.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) നേതാവ് രോഹിത് പവാറാണ് സോഷ്യല്‍ മീഡിയയില്‍ ഞായറാഴ്ച വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പങ്കിട്ടുകൊണ്ട് പവാര്‍, മണിക്‌റാവുവിന് മറ്റ് ജോലിയൊന്നും ചെയ്യാനില്ലെന്നും പരിഹസിക്കുന്നുണ്ടായിരുന്നു. ”അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി കൂടിയാലോചിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍, നിരവധി കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെയും മഹാരാഷ്ട്രയില്‍ എല്ലാ ദിവസവും എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും, കൃഷി മന്ത്രിക്ക് ജോലിയില്ലെന്ന് തോന്നുന്നു, റമ്മി കളിച്ച് സമയം ചെലവഴിക്കുകയാണ്.”
ജനുവരിയില്‍ കര്‍ഷകരെ അവഹേളിച്ചതിന്റെ പേരില്‍ മണിക്‌റാവു വിവാദത്തിലായിരുന്നു. കാര്‍ഷിക വായ്പകളും സര്‍ക്കാര്‍ സഹായങ്ങളും കല്യാണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമായാണ് കര്‍ഷകര്‍ ചെലവഴിക്കുന്നതെന്ന പ്രസ്താവനയാണ് വിവാദത്തിലായത്. പിന്നാലെ, താനിത് തമാശ രൂപേണ പറഞ്ഞതാണെന്നും മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞ് തടിയൂരുകയായിരുന്നു.