
വാഷിംഗ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സാധ്യമായത് അമേരിക്ക ഇടപെട്ടിട്ടെന്ന് തുടരെത്തുടരെ ആവര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇരു രാജ്യങ്ങളുടേയും സാഹചര്യം എല്ലാ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും റൂബിയോ ഞായറാഴ്ച പറഞ്ഞു. എന്‍ബിസി ന്യൂസിനോട് സംസാരിച്ച റൂബിയോ, വെടിനിര്‍ത്തല്‍ കരാറുകള്‍ നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയായതിനാല്‍ അവ വേഗത്തില്‍ തകരുമെന്നും അഭിപ്രായപ്പെട്ടു.
‘യുദ്ധവിരാമത്തിന്റെ സങ്കീര്‍ണതകളിലൊന്ന് അവ നിലനിര്‍ത്തുക എന്നതാണ്, അത് വളരെ ബുദ്ധിമുട്ടാണ്. എല്ലാ ദിവസവും, പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,’ റൂബിയോ പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തലിനെക്കുറിച്ച് സംസാരിച്ച റൂബിയോ ‘ഇരുപക്ഷവും പരസ്പരം വെടിവയ്ക്കുന്നത് നിര്‍ത്താന്‍ സമ്മതിക്കുക എന്നതാണ് വെടിനിര്‍ത്തലിനുള്ള ഏക മാര്‍ഗമെന്നും എന്നാല്‍, റഷ്യക്കാര്‍ അതിന് സമ്മതിച്ചിട്ടില്ലെന്നും പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടതിന് ശേഷം പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് വെടിനിര്‍ത്തലിലേക്കെത്തിയതെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് ഇതുവരെ അമേരിക്ക സമ്മതിച്ചിട്ടില്ല. പകരം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെടിനിര്‍ത്തലിനായി ഇടപെട്ട് സാധ്യമാക്കിയതെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ഫോക്‌സ് ബിസിനസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, പ്രസിഡന്റ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം താനാണ് പരിഹരിച്ചതെന്ന് ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് റൂബിയോ വീണ്ടും പരാമര്‍ശിച്ചു.
‘നമ്മള്‍ വളരെ ഭാഗ്യവാന്മാരും അനുഗ്രഹീതരുമാണെന്ന് ഞാന്‍ കരുതുന്നു, സമാധാനവും സമാധാന നേട്ടവും തന്റെ ഭരണത്തിന്റെ മുന്‍ഗണനയാക്കി മാറ്റിയ ഒരു പ്രസിഡന്റിനെ ഞങ്ങള്‍ക്ക് ലഭിച്ചതില്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കണം. കംബോഡിയയിലും തായ്ലന്‍ഡിലും നമ്മള്‍ അത് കണ്ടു. ഇന്ത്യ-പാകിസ്ഥാനില്‍ നമ്മള്‍ അത് കണ്ടു. റുവാണ്ടയിലും ഡിആര്‍സിയിലും നമ്മള്‍ അത് കണ്ടു. ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഏതൊരു അവസരവും ഞങ്ങള്‍ തുടര്‍ന്നും പിന്തുടരും,’ റൂബിയോ പറഞ്ഞു.