
എറണാകുളം മൂഴിക്കുളത്ത് 3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വൻ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. ഇതിനു പിന്നാലെ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. റിമാൻഡിൽ കഴിയുന്ന അമ്മയുടെ വിശദമായ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ അമ്മയുടെ ആദ്യ മൊഴികൾ നേരത്തെ പുറത്തുവന്നിരുന്നു. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നും അവർ പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് മൂഴിക്കുളത്തേക്ക് പോയത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. ജീവനൊടുക്കാനും തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനോടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും നാല് വയസുകാരിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.