മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു, സംസ്കാരം ഇന്ന്

അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത പത്രപ്രവർത്തകൻ ജി.വിനോദ് (54) അന്തരിച്ചു. മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റായിരുന്നു . ഇന്നു രാവിലെ ഒൻപതിനു കുമാരപുരം ശ്രീചിത്ര ക്വാർട്ടേഴ്സ് ‘നിവേദ്യം’ വീട്ടിലും മൂന്നിനു തിരുവനന്തപുരം പ്രസ് ക്ലബിലും തുടർന്ന് മലയാള മനോരമ ഓഫിസിലും പൊതുദർശനം; നാലിനു തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം.


വൻ അഴിമതികളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന ഒട്ടേറെ റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു. മത്സ്യഫെഡ് സുസുക്കി എൻജിൻ ഇറക്കുമതി അഴിമതി, പരിവർത്തിത ക്രൈസ്‌തവ കോർപറേഷൻ അഴിമതി എന്നിവ സംബന്ധിച്ച വാർത്തകളെത്തുടർന്ന് ഭരണസമിതികളെ പിരിച്ചുവിട്ടു. സംസ്ഥാന ഹൈവേ കരാറുകാരന്റെ ആത്മഹത്യയിലേക്കു നയിച്ച അഴിമതികൾ തുറന്നുകാട്ടി മലേഷ്യയിൽനിന്നു തയാറാക്കിയ റിപ്പോർട്ടുകളും ശ്രദ്ധ നേടി. റിപ്പോർട്ടിങ് മികവിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ, സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം, മുംബൈ പ്രസ് ക്ലബ് അവാർഡ്, കേരള മീഡിയ അക്കാദമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ കെ.ഗോപിനാഥ പണിക്കരുടെയും (മുൻ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ, കേരള സർവകലാശാല) രമാദേവിയുടെയും (മുൻ ഉദ്യോഗസ്ഥ, കേരള സർവകലാശാല) മകനാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറാണ് ഭാര്യ. മകൻ: ഇഷാൻ എസ്.വിനോദ് (5–ാം ക്ലാസ് വിദ്യാർഥി, ശ്രീകാര്യം ലെക്കോൾ ചെമ്പക സ്കൂൾ).

Malayala Manorama Journalist G vinod passed away