‘ലക്ഷാർച്ചന’ കണ്ടു മടങ്ങി, മലയാളത്തിന്‍റെ പ്രിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി

കൊച്ചി: മലയാളത്തിലെ പ്രിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മങ്കൊമ്പ് ഗോപാലകൃഷണന് ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ജീവൻ നഷ്ടമാകുകയായിരുന്നു.

മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു, നാടൻ പാട്ടിന്റെ മടിശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി തുടങ്ങിയ ഗാനങ്ങൾ എല്ലാക്കാലവും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളാണ്. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ഹിറ്റ് ഗാനം. സ്വന്തം വീടിന് നൽകിയ പേരും ‘ലക്ഷാർച്ചന’ എന്നായിരുന്നു മങ്കൊമ്പ് നൽകിയത്. ബാഹുബലി, ആർ ആർ ആർ അടക്കമുള്ള ഇക്കാലത്തെ വമ്പൻ അന്യഭാഷ ചിത്രങ്ങളുടെ ഡബ്ബിങ് സിനിമകൾക്ക് മലയാളം പാട്ടുകൾ ഒരുക്കിയതും അദ്ദേഹം ആയിരുന്നു.

200 ചിത്രങ്ങളിലായി 700-ൽ പരം ​ഗാനങ്ങൾ രചിച്ചു. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ച അദ്ദേഹം, വിമോചന സമരമെന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യ ഗാനമെഴുതിയത്. സംവിധായകൻ ഹരിഹരനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം എസ്. വിശ്വനാഥൻ ആയിരുന്നു.

More Stories from this section

family-dental
witywide