
ബോക്സ് ഓഫീസിൽ തരംഗമായി മാറുന്നതിനിടെ ലോക: ചാപ്റ്റർ 1 ചിത്രത്തിന് വിവാദ കുരുക്ക്. ബെംഗളൂരു നഗരത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു സംഭാഷണം വിവാദമായതാണ് ചിത്രത്തിന് വിവാദ കുരുക്കായത്. ഇതിനെ തുടർന്ന് നിർമാതാക്കളായ വേഫെറർ ഫിലിംസ് ക്ഷമാപണം നടത്തി. ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ മുറിവേല്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നതായി നിർമാതാക്കൾ അറിയിച്ചു. ബോധപൂർവമല്ലെന്നും എത്രയും വേഗം ഡയലോഗ് നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും സോഷ്യൽ മീഡിയയിലൂടെ ഇവർ അറിയിച്ചു. ജനങ്ങളുടെ മനോവിഷമത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും വിനീതമായി അപേക്ഷിക്കുന്നതായും വേഫെറർ ഫിലിംസ് വ്യക്തമാക്കി.
അതിനിടെ ‘ലോക’യടക്കമുള്ള ചിത്രങ്ങൾക്കെതിരെ കർണാടക പൊലീസിലും പരാതി എത്തി. ബെംഗളൂരുവിനെ കഥാപശ്ചാത്തലമാക്കിയ ചിത്രം, നഗരത്തെയും ഇവിടുത്തെ യുവതികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ‘ലോക’യ്ക്ക് പുറമെ ‘ആവേശം’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തുടങ്ങിയ മലയാള ചിത്രങ്ങളും ബെംഗളൂരുവിനെ ലഹരിമാഫിയയുടെ കേന്ദ്രമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പൊലീസിനെ സമീപിച്ചു. പരാതി സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും കഴമ്പുണ്ടെങ്കിൽ നടപടിയുണ്ടാവുമെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ദ് കുമാർ സിംഗ് അറിയിച്ചു.