മലയാളത്തിൻ്റെ സ്വന്തം ശ്രീനിവാസൻ; ചിരിപ്പിച്ചും ചിന്തിപ്പിക്കും വെള്ളിത്തിരയിലെ 48 വർഷങ്ങൾ

മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായ ശ്രീനിവാസൻ തൻ്റെ ഓരോ ചിത്രത്തിലും സമൂഹത്തിൻ്റെ നേർക്കാഴ്ചകളെ വരച്ചുകാട്ടിയിരുന്നു. അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെയാകെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ നടനാണ് ശ്രീനിവാസൻ. ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യവിമർശനവും നിറച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തിൻ്റെ സിനിമകളുടെ പ്രത്യേകത. അമിതമായ ചലനങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ലാത്ത ശ്രീനിവാസൻ കഥാപാത്രങ്ങൾ ഹാസ്യത്തിന് പുതിയ ഭാഷ രചിച്ച് മലയാളികൾക്ക് പുതിയ കാഴ്ച്ചാനുഭവം നൽകി.

നാടോടിക്കാറ്റി’ലെ ദാസൻ, ‘സന്ദേശ’ത്തിലെ പ്രഭാകരൻ, ‘കഥ പറയുമ്പോഴിലെ ബാർബർ ബാലനും അറബിക്കഥയിലെ ക്യൂബ മുകുന്ദനും ഉദയനാണ് താരത്തിലെ സരോജ് കുമാറും തുടങ്ങി നിരവധിഹാസ്യവേഷങ്ങളും സ്വഭാവ റോളുകളും നായകവേഷങ്ങളും ശ്രീനിവാസൻ നമുക്ക് മുന്നിലെത്തി. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി. ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. 1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച കഥ- സന്ദേശം (1991), കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച തിരക്കഥ – മഴയെത്തും മുമ്പേ (1995)കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച ജനപ്രിയ സിനിമ – ചിന്താവിഷ്ടയായ ശ്യാമള (1998), കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച ചിത്രം – വടക്കുനോക്കിയന്ത്രം (1989). കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – ജൂറിയുടെ പ്രത്യേക അവാർഡ് – തകരച്ചെണ്ട (2006) തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വിമല ശ്രീനിവാസനാണ് ഭാര്യ. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കളാണ്.

Malayalam’s own Sreenivasan; 48 years on the silver screen that will make you laugh and think

More Stories from this section

family-dental
witywide