
ന്യൂഡൽഹി: മലയാളിയായ കത്തോലിക്കാ വൈദികൻ ലൈംഗിക പീഡന കേസിൽ കാനഡയിൽ അറസ്റ്റിൽ. ടൊറന്റോ അതിരൂപതയ്ക്ക് കീഴിൽ സേവനമനുഷ്‌ഠിച്ചിരുന്ന ഫാദർ ജെയിംസ് ചെരിക്കൽ (60) ആണ് പിടിയിലായത്. 16 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങളുൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ ഫാ. ചെരിക്കൽ ജോലിചെയ്‌തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ഇദ്ദേഹത്തെ ശുശ്രൂഷകളിൽനിന്ന് ഒഴിവാക്കി.
വിഷയം ഇപ്പോൾ കോടതികൾക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാൽ, കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നും പീൽ പൊലീസ് പ്രതികരിച്ചു.
1997 മുതൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളമുള്ള മിസ്സിസാഗ, സ്കാർബ്റോ തുടങ്ങി നിരവധി ഇടവകകളിൽ ഫാ. ജെയിംസ് ചെരിക്കൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഇദ്ദേഹത്തിനും കനേഡിയൻ നിയമവ്യവസ്ഥയിലെ ഏതൊരു കുറ്റാരോപിതനെയും പോലെ, നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്ന് സഭ വ്യക്തമാക്കി. എന്നാൽ, ഇത്തരം പരാതികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭാ അധികൃതർ കൂട്ടിച്ചേർത്തു.
കോഴിക്കോട് താമരശ്ശേരി രൂപതയിൽപ്പെട്ട വൈദികനാണ് ജെയിംസ് ചെരിക്കൽ. കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാർക്കായി സ്ഥാപിച്ച സിറോമലബാർ മിഷനിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കനഡയിലേക്ക് പോകുന്നതിന് മുൻപ് ഫാ. ചെരിക്കൽ താമരശ്ശേരി രൂപതയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.














