കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സൂരജ്, എറണാകുളം സ്വദേശിനിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമികവിവരം. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്.

സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സാണ്. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ടുപേരും ഓസ്‌ട്രേലിയയിലേക്ക് ജോലിമാറാനുള്ള ശ്രമത്തിലായിരുന്നു. അതിനാല്‍ ദമ്പതിമാരുടെ മക്കളെ നാട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ദാരുണസംഭവമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിച്ചു.

Malayali couple, nurses, found stabbed to death in Kuwait

More Stories from this section

family-dental
witywide