ചിട്ടി ഇടപാട്: 100 കോടിയിലേറെ തട്ടിയ മലയാളി ദമ്പതികള്‍ കടന്നത് കെനിയയിലേക്ക്; പരാതിയുമായി 430 പേര്‍

ബെംഗളുരൂ: ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച മലയാളി ദമ്പതികള്‍ കടന്നത് കെനിയയിലേക്ക്. 100 കോടിയിലേറെ രൂപ തട്ടിയാണ് മലയാളി ദമ്പതികളായ ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് മുങ്ങിയത്. ആയിരത്തിലധികം ഇടപാടുകാരെയാണ് ഇവർ വഞ്ചിച്ചിരിക്കുന്നത്.

ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള എ ആന്‍ഡ് ചിറ്റ്‌സില്‍ ചൊവ്വാഴ്ച വരെ ഇവരെത്തിയിരുന്നു. അസുഖബാധിതനായ ആലപ്പുഴയിലെ അടുത്ത ബന്ധുവിനെ കാണാനെന്ന് പറഞ്ഞ് ബെംഗളൂരു വിട്ട ഇരുവരും പിന്നീട് വ്യാഴാഴ്ച കൊച്ചിയിലെത്തി. അവിടെ നിന്ന് മുംബൈയിലേക്കും തുടർന്ന് നെയ്‌റോബിയിലേക്കും പോയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇരുവരും മുംബൈയില്‍ നിന്ന് നാടുവിട്ടത്. ഇവര്‍ക്കെതിരെ ബെംഗളൂരു പൊലീസിന് 430പേര്‍ പരാതി നല്‍കി.

ദമ്പതികള്‍ ഇടവക പള്ളിയുമായും മലയാളി സംഘടനകളുമായുള്ള അടുപ്പത്തിന്റെ മറവിലാണ് ധനകാര്യ സ്ഥാപനത്തിലേക്ക് ആളുകളെ ആകര്‍ഷിച്ചത്. ശനിയാഴ്ചയാണ് തട്ടിപ്പ് സംബന്ധിച്ച ആദ്യ പരാതി പൊലീസിന് ലഭിച്ചത്. നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പറ്റിക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും മലയാളികളാണ്. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകേസുകള്‍ ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗമായതിനാല്‍ ക്രൈം ബ്രാഞ്ചിനാകും കേസിന്റെ അന്വേഷണം.

More Stories from this section

family-dental
witywide