അമേരിക്കൻ പൗരത്വമുള്ള ലോക പ്രശസ്ത മലയാളി സാമ്പത്തിക വിദഗ്ധ, ഗീത ഗോപിനാഥ് ഐഎംഎഫിന്‍റെ പടിയിറങ്ങി; ഹ‍ർവാഡിൽ അധ്യാപികയായി തിരിച്ചെത്തും

ലോക പ്രശസ്ത മലയാളി സാമ്പത്തിക വിദഗ്ധയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് തന്റെ പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാൻ വേണ്ടിയാണ് ഗീത ഐഎംഎഫിൽ നിന്ന് പടിയിറങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ഗീത തന്നെയാണ് ഈ വിവരം പങ്കുവച്ചത്. 2025 ഓഗസ്റ്റിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി തിരിച്ചെത്തുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ വംശജയും അമേരിക്കൻ പൗരത്വമുള്ളവളുമായ ഗീത 2019ലാണ് ഐഎംഎഫിൽ ചേർന്നത്. ചീഫ് ഇക്കണോമിസ്റ്റായി ജോലി ആരംഭിച്ച അവർ 2022ൽ ജെഫ്രി ഒകമോട്ടോയ്ക്ക് പകരം ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന നേട്ടവും ഗീത സ്വന്തമാക്കി.

കോവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകൾ അതിശയകരമായിരുന്നുവെന്ന് ഐഎംഎഫ് വാർത്താ കുറിപ്പിൽ പറയുന്നു. യുക്രെയ്ൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐഎംഎഫിന്റെ പ്രവർത്തനങ്ങളിൽ ഗീതയുടെ പങ്ക് നിർണായകമായിരുന്നു. ജി7, ജി20 സമ്മേളനങ്ങളിൽ ഐഎംഎഫിന്റെ നയരൂപീകരണത്തിന് ഗീത നൽകിയ ഇടപെടലുകൾ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകർന്നു. കണ്ണൂർ സ്വദേശിനിയായ ഗീത 2016-18 കാലഘട്ടത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനം നൽകിയിരുന്നു. ഹാർവാർഡിലേക്കുള്ള തിരിച്ചുവരവ് തന്റെ അക്കാദമിക് ജീവിതത്തിന്റെ പുതിയ അധ്യായമാണെന്ന് ഗീത സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read

More Stories from this section

family-dental
witywide