
റായ്പൂർ: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾക്കും ഇന്ന് ജാമ്യം ലഭിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. സെഷൻൻ കോടതിയിൽ നാളെ തന്നെ അപ്പീൽ നൽകും. അതുവരെ രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചു.
അതിനിടെ ഛത്തീസ്ഗഡിലെ ജയിലിലെത്തി പ്രതിപക്ഷ എംപിമാര്‍ ഇവരെ കണ്ടു. മലയാളി കന്യാസ്ത്രീകള്‍ക്കുനേരെ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നിവർ വ്യക്തമാക്കി. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവും ജയിലിലെത്തി ഇവരെ കണ്ടിരുന്നു.
പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12.30 നും 12.40നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശമനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്നു പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. എംപിമാര്‍ പ്രതിഷേധിച്ചതിനെ തുടർന്നാണ് കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.
സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ആണിത്.