
ഡൽഹി: ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായി പിന്നീട് ജാമ്യം നേടിയ മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഓഫിസിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് കന്യാസ്ത്രീകൾ എത്തിയത്. കേസിലെ തുടർ നടപടികളും എഫ് ഐ ആർ റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാകുക എന്നാണ് വിവരം.
കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരെ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ഇതിൽ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. അതുകൊണ്ടുതന്നെ എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകൾ കൂടിക്കാഴ്ച നടത്തിയത്.
ജൂലൈ 25 ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിൽ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ പരാതിയെന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിനായി ബിജെപി ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.