ഫ്ലോറിഡ: പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ മലയാളി നഴ്സ് ലീലാമ്മ ക്രൂരമായി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നഴ്‌സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും റാലി നടത്തി. നിയമങ്ങൾ ശക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. ജെറോം സെന്ററിന് മുന്നിൽ നടത്തിയ റാലിയിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. ‘കെയർ ഫോർ പീപ്പിൾ ഹു കെയർ’ എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം.
ശനിയാഴ്ച ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ ആഭിമുഖ്യത്തിൽ ഡേവിയിലെ ഗാന്ധിസ്‌കവയറിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രാർത്ഥനയും കാൻഡിൽ ലൈറ്റ് വിജിലും നടന്നു. ലീലാമ്മ ആരോഗ്യം വീണ്ടെടുക്കുന്നതിനും വിഷമസന്ധിയിലൂടെ കടന്നു പോകുന്ന കുടുംബത്തിനു പിന്തുണ പ്രഖാപിച്ചുകൊണ്ടുമാണ് പ്രാർത്ഥനയും കാൻഡിൽ ലൈറ്റ് വിജിലും സംഘടിപ്പിച്ചത്. ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ് വത്സമ്മ എബ്രഹാം, മുൻ പ്രസിഡന്റ് ഡോ ബോബി വർഗീസ് എന്നിവർ സംസാരിച്ചു. ജെറോം സെന്ററിൽ കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്റ് മാത്യുവും (രാജു) സംസാരിച്ചു.
ലീലാമ്മയെ ആക്രമിച്ച മാനസിക രോഗി സ്റ്റീഫൻ സ്കാന്റിൽബറിക്ക് എതിരെ വധശ്രമത്തിനും വിദ്വേഷ കുറ്റത്തിനും കേസ് എടുത്തു. കഴിഞ്ഞ ദിവസമാണ് പാംസ് വെസ്റ്റ് ആശുപത്രിയിലെ ജോലിക്കിടെ നഴ്‌സ് ലീലാമ്മ ലാലിനെ (67) ക്രൂരമായി ആക്രമിച്ചത്.












