നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനായോഗത്തിനിടെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നാഗ്പൂർ മിഷനിലെ വൈദികനും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയാണ് നാഗ്പൂരിലെ ഷിംഗോഡിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം ആറോളം പേർ അറസ്റ്റിലായിട്ടുണ്ട്. നാഗ്‌പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്റങ്‌ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരും മഹാരാ ഷ്ട്ര സ്വദേശികളായ ദമ്പതികളും ഉൾപ്പെടെയുള്ളവർ പിടിയിലായത്. എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു.
പ്രാർത്ഥനായോഗത്തിനിടെ നടന്ന അറസ്റ്റിനെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിക്കുകയും ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നാഗ്‌പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ട്. ഇതിനുമുമ്പ് നവംബറിൽ മധ്യപ്രദേശിൽ സമാനമായ ആരോപണത്തിൽ അറസ്റ്റിലായ സി.എസ്.ഐ. വൈദികൻ ഫാദർ ജി. ഗോഡ്‌വിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നാഗ്പൂരിലെ ഷിംഗോഡിയിൽ ഒരു വീട്ടിൽ നടന്ന ക്രിസ്മസ് പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് പൊലീസ് നടപടിയുണ്ടായത്. മതപരിവർത്തന നിരോധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഫാദർ സുധീർ കഴിഞ്ഞ 12 വർഷമായി നാഗ്പൂരിൽ സേവനം ചെയ്യുന്നയാളാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും സഭാ അധികൃതർ അറിയിച്ചു. ആവശ്യമായ നിയമസഹായം നൽകുമെന്ന് സി.എസ്.ഐ ബിഷപ്പ് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
Malayali priest, wife, and others arrested on charges of religious conversion during Christmas prayers granted bail















