
വീര സാഹസികരുടെ ഇഷ്ട ഇടമായ എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ അങ്ങനെ ഒരു മലയാളി വനിതയുടെ കാല്‍പ്പാടും പതിഞ്ഞു. കണ്ണൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിതയെന്ന ചരിത്രത്തില്‍ ഇടംപിടിച്ചത്. മേയ് 18 ഞായറാഴ്ച രാവിലെ നേപ്പാള്‍ സമയം 10.25ഓടെയാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയുടെ 8848 മീറ്റര്‍ ഉയരവും കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് സഫ്രീന ചരിത്രം കുറിച്ചത്.
മുമ്പും മലയാളികള്‍ എവറസ്റ്റ് കയറിയിട്ടുണ്ടെങ്കിലും എവറസ്റ്റ് കൊടുമുടി പൂര്‍ണമായും കീഴടക്കിയ ആദ്യ മലയാളി വനിതയെന്ന ഖ്യാതിയാണ് സഫ്രീനക്ക് സ്വന്തമായത്.
ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ സര്‍ജനായ ഡോ. ഷമീല്‍ മുസ്തഫയുടെ ഭാര്യയാണ് സഫ്രീന. ഖത്തറില്‍ കേക്ക് ആര്‍ട്ടിസ്റ്റാണ് സഫ്രീന. ഇരുവരും പര്‍വതാരോഹകരാണ്.
2021 ജൂലൈയില്‍ താന്‍സാനിയയിലെ 5985 മീറ്റര്‍ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഷമീലും സഫ്രീനയും പര്‍വതാരോഹണത്തിന് തുടക്കമിടുന്നത്. അതിനു ശേഷം, അര്‍ജന്റീനയിലെ അകോണ്‍കാഗ്വ (6961 മീറ്റര്‍), റഷ്യയിലെ മൗണ്ട് എല്‍ബ്രസ് (5642 മീറ്റര്‍) എന്നിവയും കീഴടക്കിയിരുന്നു. പിന്നീടാണ് എവറസ്റ്റിനെ കാല്‍ച്ചുവട്ടിലാക്കാന്‍ ഷമീലും സഫ്രീനയും നേരംകുറിച്ചത്. എന്നാല്‍, ഇതിനിടയില്‍ ഡോ. ഷമീലിന് പരുക്കിനെ തുടര്‍ന്ന് എവറസ്റ്റ് കയറാനായില്ല. എന്നാല്‍ സ്വപ്‌ന യാത്രയ്ക്ക് സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു.
പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രില്‍ 19ന് ബേസ് കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിന്റെ നെറുകയിലേക്കെത്തിയത്.
വേങ്ങാട് കെ പി സുബൈദയുടെയും തലശ്ശേരി പുന്നോല്‍ സ്വദേശി പി എം അബ്ദുല്‍ ലത്തീഫിന്റെയും മകളാണ് സഫ്രീന. മിന്‍ഹയാണ് ഏക മകള്‍.