കാനഡയിൽ പരിശീലന പറക്കലിനിടെ വിമാന അപകടം: മലയാളിയായ പൈലറ്റ് ശ്രീഹരി സുകേഷ് ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു

ടൊറന്റോ: മാനിറ്റോബയിലെ സ്റ്റെയിൻബാക്കിനു സമീപം പറക്കൽ പരിശീലനത്തിനിടെ വിമാനങ്ങൾ കൂട്ടിയിച്ച് കൊച്ചി തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂ റോഡ് കൃഷ്ണ എൻക്ലേവിൽ ശ്രീഹരി സുകേഷ് (23) കൊല്ലപ്പെട്ടു. അപകടത്തിൽ മറ്റൊരു വിദ്യാർഥിനി സാവന്ന മേയ് റോയ്‌സും (20) കൊല്ലപ്പെട്ടിട്ടുണ്ട്. ഫ്ലൈറ്റ് സ്കൂളായ ഹാർവ്സ് എയറിൻ്റെ പരിശീലന പറക്കലിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ സുകേഷിൻ്റേയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടേയും മകനാണ് ശ്രീഹരി. സഹോദരി: സംയുക്ത. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള പരിശീലനത്തിലായിരുന്നു.

ശ്രീഹരി പരിശീലനം ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ പൂർത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളൂ എന്ന് അധികൃതർ അറിയിച്ചു. 2023-ലാണ് ശ്രീഹരി പഠനത്തിനായി കാനഡയിലെത്തിയത്. ശ്രീഹരിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി കോൺസുലേറ്റ് ജനറൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

രണ്ട് പൈലറ്റുമാരും ചെറിയ, ഒറ്റ എഞ്ചിൻ സെസ്ന വിമാനങ്ങൾ പറത്തുകയായിരുന്നുവെന്നും ഒരേസമയം ലാൻഡ് ചെയ്യാൻ ശ്രമിച്ചതോടെ മിഡ് എയറിൽ കൂട്ടിയിടിച്ച് താഴേക്കു പതിക്കുകയായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ആർസിഎംപി അറിയിച്ചു. അപകടസമയത്ത് വിമാനങ്ങളിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല.

ആർസിഎംപി, അഗ്നിശമന സേന, എമർജൻസി മെഡിക്കൽ സർവീസുകൾ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Malayali student pilot dies in Canada after planes collides midair during training

More Stories from this section

family-dental
witywide