മലയാളികൾ ലോണെടുത്ത് മുങ്ങി; പരാതിയുമായി കുവൈറ്റിലെ അൽ അഹ്ല‌ി ബാങ്ക് ഉദ്യോഗസ്ഥർ കേരളത്തിൽ

കൊച്ചി: ലോൺ എടുത്തു മുങ്ങിയ വനിതകളെ തേടി കുവൈറ്റിലെ അൽ അഹ്ല‌ി ബാങ്ക് ഉദ്യോഗസ്ഥർ കേരളത്തിൽ. ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ എടുത്ത ലോൺ തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയ കേരളത്തിൽ നിന്നുള്ള 13 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ബാങ്ക് പ്രതിനിധികൾ പറഞ്ഞു.13 നഴ്‌സുമാരാണ് അൽ അഹ്ലി ബാങ്കിൽ നിന്നും മൊത്തം 10.33 കോടി രൂപയുടെ വായ്‌പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്‌ച വരുത്തിയെതെന്നും യാതൊരു പ്രതികരണവും ഇല്ലാത്തതിനാലാണ് പരാതിയുമായി എത്തിതെന്നും ബാങ്കിനെ പ്രതിനിധീകരിക്കുന്ന ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സിലെ തോമസ് ജെ അനക്കൽലുങ്കുൽ പറഞ്ഞു. നിലവിൽ ലോൺ എടുത്തവർ മികച്ച ശമ്പളത്തിൽ ജോലി ചെയ്യുന്നവരാണ്.

വായ്‌പ എടുത്ത ശേഷം ഉന്നത ജോലി ലഭിച്ചപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയ ഇവരാരും തന്നെ നിലവിൽ കേരളത്തിൽ ഇല്ല. തിരിച്ചടവിനുള്ള അറിയിപ്പുകളോട് പ്രതികരിക്കുന്നുമില്ല. 2019 നും 2021 നും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കുവൈറ്റിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ വായ്‌പ എടുത്തത്. തൊഴിൽ കരാറുകൾ അവസാനിപ്പിച്ചതിന് ശേഷം കേരളത്തിലേക്ക് മടങ്ങി. മെച്ചപ്പെട്ട അവസരങ്ങൾക്കായി യൂറോപ്പിലെയും പടിഞ്ഞാറൻ രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലേക്ക് കുടിയേറി.ബാങ്കിൽ നിന്ന് ചെറിയ വായ്‌പകൾ എടുത്ത് കൃത്യമായ തിരിച്ചടവ് നടത്തി ക്രെഡിറ്റ് സ്കോറും വിശ്വാസ്യതയും നേടി. പിന്നാലെ വൻ തുകകൾക്കുള്ള വായ്‌പ എടുത്തു. തിരിച്ചടക്കാതെ രാജ്യം വിട്ടു. ഇങ്ങനെ 91 ലക്ഷം രൂപ വരെ ബാധ്യയായിട്ടുള്ളവർ ഉണ്ട്. അൽ അഹ്ലി ബാങ്ക് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന്, കോട്ടയം, എറണാകുളം ജില്ലകളിലായി കേസുകൾ രജിസ്റ്റർ ചെയ്‌തു.

കഴിഞ്ഞ വർഷം മറ്റൊരു ഗൾഫ് ബാങ്കും സമാന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതിൽ 2024 ഡിസംബറിൽ 10 കേസുകൾ രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ വർഷത്തെ ഗൾഫ് ബാങ്ക് കേസുകളിൽ ചിലർ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളപ്പെട്ടിരുന്നു. ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നു. 1400 പേർ ഇത്തരത്തിൽ വായ്‌പ തിരിച്ചടവ് മുടങ്ങിയതായുണ്ട്. 700 കോടി രൂപ ബാങ്കിന് കിട്ടാനുണ്ട് എന്നായിരുന്നു പരാതി..

More Stories from this section

family-dental
witywide