
ബംഗാളിൽ ഒഡീഷ സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം വിവാദത്തിൽ. മുഖ്യമന്ത്രിയുടെ രാത്രി 12.30ന് വിദ്യാർഥിനി എങ്ങനെ പുറത്തിറങ്ങിയെന്ന പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർഥിനി ഒരു സ്വകാര്യ മെഡിക്കൽ കോളജിലാണ് പഠിക്കുന്നത്. ആരുടെ ഉത്തരവാദിത്തമാണ് അത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും, പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മമത ബാനർജി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശത്തോട്, ബംഗാളിൽ ഉള്ളത് താലിബാൻ സർക്കാർ ആണെന്ന് ബിജെപി എംഎൽഎ അഗ്നി മിത്ര പോൾ പ്രതികരിച്ചു. അതേസമയം 23 കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡെപ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു. അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തു.