മാർപാപ്പയുടെ വിയോഗത്തിലെ സങ്കടക്കടലിൽ പങ്കുചേർന്ന് മമ്മൂട്ടി, ‘ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടമായി’

ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല ലോകത്തെ തന്നെ നൊമ്പരപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ ജീവിതത്തിൽ നിന്ന് വിടവാങ്ങിയപ്പോൾ അനുശോചന പ്രവാഹമാണ്. സമൂഹത്തിന്റെ നാനാതുറകളിൽനിന്നും മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയും മാർപാപ്പക്ക് അനുശോചനം അർപ്പിച്ച് രംഗത്തെത്തി. ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടെന്നാണ് മമ്മൂട്ടി അനുസ്മരിച്ചത്.

‘ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുന്നു’ – എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

നേരത്തെ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും, വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘മനുഷ്യ സ്നേഹത്തിൻറെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു’ എന്ന് മുഖ്യമന്ത്രി വിവരിച്ചു.

More Stories from this section

family-dental
witywide