ലഹരിമരുന്നിനെതിരെ ഒറ്റ ഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും

കൊച്ചി: സംസ്ഥാനത്തെ ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് ടോക് ടു മമ്മൂക്ക എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാനതാരം. ‘ഹലോ…മമ്മൂട്ടിയാണ്…“ എന്ന മുഴക്കമുള്ള ആ ശബ്ദം നമ്മുടെയും കാതുകളിലെത്തുന്നു. ലഹരിക്കെതിരെ ഒറ്റ ഫോണ്‍കോളിനപ്പുറത്ത് മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും സേവനം ഉറപ്പിക്കുകയാണ്. ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാൻ ടോക് ടു മമ്മൂക്ക എന്ന പുതിയ സംരംഭം സംസ്ഥാന സർക്കാരുമായി കൈകോർത്താണ് എത്തുന്നത്.

മമ്മൂട്ടി സ്വന്തംശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി അധികാരികൾക്ക് കൈമാറും. സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെയര്‍ ആന്റ് ഷെയര്‍ എക്‌സൈസ് വകുപ്പിന് ഫോണിൽ ലഭിക്കുന്ന വിവരങ്ങള്‍ കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും.

ലഹരിയുടെ പിടിയിൽ പെട്ടവർക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി പദ്ധതിയിൽ ലഭ്യമാണ്. കെയർ ആൻഡ് ഷെയറിൻന്റെ ഈ പദ്ധതിയിൽ പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സധൈര്യം മുൻപോട്ടു വരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ ആയ 369-ല്‍ അവസാനിക്കുന്നതാണ് ടോക് ടു മമ്മൂക്ക സംരംഭത്തിന്റെ നമ്പര്‍. വിളിക്കേണ്ട നമ്പർ – 6238877369

More Stories from this section

family-dental
witywide