വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി, കാൽനൂറ്റാണ്ട് തടവ് ശിക്ഷ

ന്യൂയോർക്ക്: വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. പ്രതി ഹാദി മതാറിനെതിരെ ശിക്ഷ വിധിച്ചത് റുഷ്ദിയെ 2022 ഓഗസ്റ്റിൽ പൊതുചടങ്ങിനിടെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ. പ്രതി കത്തി കൊണ്ട് 15 തവണയാണ് റുഷ്ദിയെ കുത്തിയത്. 2022 ഓഗസ്റ്റ് 12 ന് പൊതുചടങ്ങിനിടെയായിരുന്നു റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി.

1988 ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ പുസ്തകമായ ‘സാത്തനിക് വേഴ്സസ്’ ൽ മതനിന്ദ ആരോപിച്ച് റുഷ്ദിയെ വധിക്കണമെന്ന ഫത്‌വ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പുറപ്പെടുവിച്ചിരുന്നു. ഈ ഫത്‌വ ഇറങ്ങി 33 വർഷങ്ങൾക്കു ശേഷമാണ് റുഷ്ദിക്കുനേരെ ആക്രമണം ഉണ്ടായത്. റുഷ്ദി പ്രസംഗിച്ചിരുന്ന വേദിയിലുണ്ടായിരുന്ന മറ്റൊരാളെക്കൂടി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് എഴുവര്‍ഷം തടവുകൂടി മതാറിന് കോടതി വിധിച്ചിട്ടുണ്ട്. ഒരേസംഭവത്തില്‍ രണ്ട് ഇരകള്‍ക്ക് പരിക്കേറ്റതിനാല്‍ ശിക്ഷകളും ഒരേസമയം അനുഭവിക്കണമെന്ന് ഷൗതൗക്വാ കൗണ്ടി ജില്ലാ അറ്റോര്‍ണി ജനറല്‍ ജേസണ്‍ ഷ്മിഡ്റ്റ് ഉത്തരവിട്ടു.

റുഷ്ദി ശിക്ഷാവിധിയിൽ പങ്കെടുത്തില്ലെങ്കിലും രേഖാമൂലമുള്ള പ്രസ്താവന കോടതിയിൽ സമർപ്പിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. റുഷ്ദി തന്നെയാണ് കേസിലെ പ്രധാന സാക്ഷി. മുഖംമൂടി ധരിച്ച ഒരാൾ തന്റെ തലയിലും ശരീരത്തിലും നിരവധി തവണ കുത്തിയെന്നും മരിക്കാൻ പോകുകയാണെന്ന് കരുതിയതായും അദ്ദേഹം കേടതിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide