കടവാപ്പേടിയില്‍ ഉള്ളുലഞ്ഞ് മാനന്തവാടി, രാധയുടെ സംസ്‌കാരം ഇന്ന്; ഹര്‍ത്താല്‍ തുടങ്ങി, കടുവയെ കണ്ടെത്താന്‍ തെര്‍മല്‍ ഡ്രോണും കുങ്കിയാനകളും

കല്‍പ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയെ ആകെ ഭയപ്പെടുത്തിയ കടുവാ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

അതേസമയം, വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍. എസ്ഡിപിഐയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നരഭോജി കടുവക്കായി വനം വകുപ്പ് ഇന്ന് തെരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘവും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുമാണ് കടുവയെ കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. കടുവയെ കണ്ടെത്തി പിടികൂടുന്നത് പ്രദേശവാസികള്‍ക്ക് ആശ്വാസമാകും. മാത്രമല്ല പ്രതിഷേധം തണുപ്പിക്കാനും ആശങ്കഅകറ്റാനും കഴിയും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും വൈകാതെ സ്ഥലത്തെത്തും. പ്രതിഷേധം കനത്തതോടെ പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിച്ചാണ് കടുവയെ കണ്ടെത്താന്‍ ശ്രമം നടത്തുക.

മാനന്തവാടിയിലെ ആശങ്ക അകലും മുമ്പ് വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് ആശങ്ക കൂട്ടുന്നുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതുവരെ ഇവിടെ കടുവയെ കണ്ടെത്താനായിട്ടില്ല.