
കൊച്ചി : മഞ്ഞുമേല്‍ ബോയ്‌സ് എന്ന ചിത്രത്തിനു പിന്നാലെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന് നോട്ടീസ്. മരട് പൊലീസാണ് നോട്ടീസ് നല്‍കിയത്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി താന്‍ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനല്‍കിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി. സൗബിന്‍ ഷാഹിറിന് പുറമേ സഹനിര്‍മ്മാതാക്കളായ ബാബു ഷാഹിറിനും, ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നിര്‍മാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ട് കേസില്‍ അന്വേഷണം തുടരാമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആഗോള തലത്തില്‍ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ്.