
തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ പൊലിസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി യുപിഎസ്‌സി മൂന്നംഗ ചുരുക്കപ്പട്ടിക തയ്യാറാക്കി. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ, ഐബി സ്‌പെഷ്യൽ ഡയറക്ടർ റാവഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവർ ഉൾപ്പെട്ട പട്ടികയിൽ നിന്ന് മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും. വിജിലൻസ് മേധാവിയായ മനോജ് എബ്രഹാമിനെ ഇത്തവണ പരിഗണിച്ചില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്തിനെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും യുപിഎസ്‌സി വഴങ്ങിയില്ല.
സംസ്ഥാനം നിർദേശിച്ച പട്ടികയിലെ ആദ്യ മൂന്ന് പേരെയാണ് യുപിഎസ്‌സി സ്‌ക്രീനിംഗ് കമ്മിറ്റി പരിഗണിച്ചത്. നിധിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ ഫയലുകൾ വിശദമായി പരിശോധിച്ച കമ്മിറ്റി മറ്റ് പേര് പരിഗണിക്കാൻ തയ്യാറായില്ല. ഡിജിപി റാങ്കിലുള്ള മനോജ് എബ്രഹാം നാലാം സ്ഥാനത്തായിരുന്നു. ക്രമസമാധാന ചുമതലയിൽ ഏറെക്കാലം പ്രവർത്തിച്ച മനോജിന് അവസരം നൽകണമെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും വാദിച്ചെങ്കിലും, യുപിഎസ്‌സി നിലപാട് മാറ്റിയില്ല. ഈ തീരുമാനം മുഖ്യമന്ത്രിയെ ഔദ്യോഗികമായി അറിയിച്ചു.
നിധിൻ അഗർവാളിനും റാവഡ ചന്ദ്രശേഖറിനുമാണ് പുതിയ പൊലിസ് മേധാവിയാകാനുള്ള സാധ്യത കൂടുതൽ. യോഗേഷ് ഗുപ്തയ്ക്ക് ആദ്യഘട്ടത്തിൽ സാധ്യത കൽപ്പിച്ചിരുന്നെങ്കിലും, സർക്കാരുമായുള്ള അകൽച്ച അദ്ദേഹത്തിന്റെ സാധ്യതകൾ കുറച്ചെന്നാണ് വിലയിരുത്തൽ. ബിഎസ്എഫ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ശേഷമാണ് നിധിൻ അഗർവാൾ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. റാവഡ ചന്ദ്രശേഖർ 15 വർഷമായി ഇന്റലിജൻസ് ബ്യൂറോയിൽ വിവിധ തസ്തികകളിൽ പ്രവർത്തിക്കുകയാണ്. അടുത്തിടെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി അദ്ദേഹം നിയമിതനായിരുന്നു. നിലവിലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30-ന് വിരമിക്കാനിരിക്കെ, ഉടൻ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പുതിയ മേധാവിയെ തീരുമാനിക്കും. നിധിൻ അഗർവാളിനും റാവഡ ചന്ദ്രശേഖറിനും ഒരു വർഷത്തെ സർവീസ് മാത്രമാണ് ശേഷിക്കുന്നത്. ഇരുവർക്കും സംസ്ഥാന സർവീസിനേക്കാൾ കേന്ദ്ര സർവീസിൽ കൂടുതൽ അനുഭവപരിചയമുണ്ട്.