
ബിജാപ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാൻ നിഗേഷ് നാഗ് ആണ് വീരമൃത്യു വരിച്ചത്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. പരിക്കേറ്റ മൂന്ന് സൈനികര്‍ക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കുകയും ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയായിരുന്നു മാവോയിസ്റ്റ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. ഇവരെ പലപ്പോഴും വിന്യസിക്കുക സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ്.