വയനാട് തുരങ്ക പാതയ്ക്കെതിരെ കോഴിക്കോട് പുല്ലൂരാംപാറയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. മാവോയോസ്റ്റ് കബനി ദളത്തിന്റെ പേരിൽ ആണ് പോസ്റ്റർ. പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ. കൂടാതെ, പിണറായി പോലീസിന്റെ മാവോ വേട്ട അവസാനിപ്പിക്കണം. വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കണം. കീഴടങ്ങിയ മാവോയിസ്റ്റുകൾക്കായുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാൻ തുടങ്ങി. താമരശേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കൂടാതെ എസ്ഒജി വിവര ശേഖരണം തുടങ്ങി. അതേസമയം വയനാട് തുരങ്കപാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കമാകും. തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ) തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.












