ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനു മുന്നിൽ വായു മലിനീകരണത്തിനെതിരെ നടന്ന ജെൻ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതിൽ ആശങ്ക. ആന്ധ്രാപ്രദേശിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയെ അനുസ്മരിച്ച് ‘മദ്‌വി ഹിദ്മ അമർ രഹേ’ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാർ മുഴക്കിയത്. അനുവാദമില്ലാതെ റോഡിനു നടുവിൽ ഒരു മണിക്കൂറോളം ഇരുന്ന് മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ചിലർ വനങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്ന് എഴുതിയ പോസ്റ്ററുകൾ പിടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധം നിർത്താൻ പൊലീസ് ഇടപെട്ടപ്പോൾ പ്രതിഷേധക്കാർ അക്രമാസക്തരായി. ബാരിക്കേഡുകൾ തകർത്ത് പൊലീസിനു നേരെ മുളകു സ്പ്രേ തളിച്ചു. ഇതിൽ നാലോളം പൊലീസുകാർക്ക് പരുക്കേറ്റു; അവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. പരിസ്ഥിതി പ്രതിഷേധത്തിനിടെ ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്നത് വിവാദമായിരിക്കുന്നു.
സർക്കാർ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മ നവംബർ 18ന് ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ബസ്തറിലെ പ്രധാന മാവോയിസ്റ്റ് നേതാക്കളിലൊരാളായിരുന്നു ഹിദ്മ. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ തലസ്ഥാനത്തെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതായി വിമർശനമുയരുന്നു.










