
കോഴിക്കോട് : ഈ മാസം 17ന് കാലം ചെയ്ത തൃശൂര്‍ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം ഇന്ന് വൈകിട്ട് കോഴിക്കോട് ജില്ലയിലെ കോട്ടുളിയില്‍. സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്നലെ തൃശൂര്‍ അതിരൂപത മന്ദിരത്തില്‍ നടന്നു. തുടര്‍ന്ന് പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്കയിലും ലൂര്‍ദ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടായിരുന്നു. വന്‍ ജനാവലിയാണ് പ്രിയ ഇടയനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികളര്‍പ്പിക്കാനും എത്തുന്നത്.
ഇന്നു രാവിലെ 9.30 വരെ ലൂര്‍ദ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ട്. തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷ യുടെ രണ്ടാംഘട്ടം നടക്കും. കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. സംസ്‌ക്കാര ശുശ്രൂഷയു ടെ മൂന്നാംഘട്ടത്തില്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാ ഫേല്‍ തട്ടിലായിരിക്കും. അനുസ്മരണ സന്ദേശം മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നല്‍കും.
തൃശൂരിലെ സംസ്‌കാര ശുശ്രൂഷകള്‍ക്കും സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്കും ശേഷം ഉച്ചയ്ക്ക് ഒന്നോടെ ഭൗതികശരീരം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തില്‍ വൈകിട്ട് 5ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ പ്രാര്‍ഥനകളും പൊതുദര്‍ശനവും. തുടര്‍ന്ന് കോട്ടുളിയില്‍ മാര്‍ തൂങ്കുഴി സ്ഥാപിച്ച ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലവ്’ ജനറലേറ്റിലെത്തിച്ചാണ് കബറടക്കം.















