ബീനാ വള്ളിക്കളം
ഷിക്കാഗോ : ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ഷിക്കാഗോ രൂപതയുടെ രൂപത 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് കാലിഫോർണിയ ഓറഞ്ചിൽ ഉള്ള സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിൽ നവംബർ ഒമ്പത് രൂപതാ അധ്യക്ഷൻ മാർ ജോയ്ആലപ്പാട്ടിന്റെ നേതൃത്വത്തിൽ നടന്നു.


ഇടവകയിൽ എത്തിച്ചേർന്ന പിതാവിനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഇടവക വികാരി ഫാ: ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. ഫാ: ബാബു പാനാട്ട്പറമ്പിലും തദവസരത്തിൽ സന്നിഹിതനായിരുന്നു.



ബിജു ജോർജ്, ജിമ്മി ജോസഫ്, സോണി ബാസ്റ്റ്യൻ, സോളി ആൻറണി, മാത്യു കൊച്ചുപുരയ്ക്കൽ, റോയ്മോൻ വലിയനാൽ എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി. മാർ ജോയ് ആലപ്പാട്ട് തൻറെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെകുറിച്ചു വിശദീകരിച്ചു. വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും പിതാവ് ആഹ്വാനം ചെയ്തു.



ജോസ് ചാമക്കാല രജിസ്ട്രേഷൻ , സ്പോൺസർഷിപ്പ് , കൺവെൻഷൻ പരിപാടികൾ എന്നിവ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്. 2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്



കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദർശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും പറഞ്ഞു.



വിശ്വാസ സംരക്ഷണത്തിനും, ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കും ഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാ കൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.


യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയ സാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവെൻഷൻ ടീം ക്ഷണിക്കുന്നു.


ഓറഞ്ച് സിറ്റി പള്ളിയിലെ അച്ചന്റെയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 30- ലേറെ രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Mar Joy Alappatt inaugurated the convention kickoff at the Orange City Syro-Malabar Church in California.











