
വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും വെനസ്വേലയിലെ ജനങ്ങൾക്കും സമർപ്പിക്കുന്നതായി വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചതെന്ന് അവർ എക്സിൽ കുറിച്ചു. “ഞങ്ങൾ വിജയത്തിന്റെ പടിവാതിലിലാണ്. ഈ പുരസ്കാരം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും, ഞങ്ങളുടെ ലക്ഷ്യത്തിന് നിർണായക പിന്തുണ നൽകിയ പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുന്നു,” മചാഡോ വ്യക്തമാക്കി. ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും വേണ്ടിയുള്ള അവരുടെ ഇടപെടലുകൾക്കാണ് ഈ അംഗീകാരം.
മരിയ കൊറിന മചാഡോ ലാറ്റിനമേരിക്കയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിര നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. 2002-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അവർ, വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി പ്രവർത്തിച്ചു. 2012-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാൽ, വെനസ്വേലയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖമായി മാറിയ മചാഡോ, അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. നൊബേൽ പുരസ്കാരം, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവരുടെ അചഞ്ചലമായ പോരാട്ടത്തിനുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
“പ്രസിഡന്റ് ട്രംപ്, യുഎസിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനത, ലോകത്തെ ജനാധിപത്യ രാജ്യങ്ങൾ എന്നിവർ ഞങ്ങളുടെ പ്രധാന സഖ്യകക്ഷികളാണ്,” മചാഡോ എക്സിൽ കുറിച്ചു. വെനസ്വേലയിലെ ജനങ്ങളുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യം പുനഃസ്ഥാപിക്കാനുമുള്ള പോരാട്ടത്തിൽ ഈ പുരസ്കാരം ഒരു പ്രചോദനമാണെന്ന് അവർ വ്യക്തമാക്കി. അന്താരാഷ്ട്ര പിന്തുണയോടെ വെനസ്വേലയിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് മചാഡോയുടെ ലക്ഷ്യം. ഈ നൊബേൽ പുരസ്കാരം, വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.