
ഇറ്റലിയിലുണ്ടായ കാര്‍ അപകടത്തില്‍ ബാര്‍ബി ഡിസൈനര്‍മാരായി ലോക ശ്രദ്ധ നേടിയ മാരിയോ പഗ്ലിനോയും ജിയാനി ഗ്രോസിയും കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു ദാരുണമായ അപകടമുണ്ടായത്. ഇറ്റലിയിലെ ടുറിന്‍ – മിലാന്‍ ഹൈവേയിലായിരുന്നു ദാരുണമായ അപകടം നടന്നത്. ജീവിതപങ്കാളികളായ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
ബാങ്ക് ജീവനക്കാരനായ അമോഡിയോ വലേരിയോ ഗിയര്‍ണിയും ഭാര്യ സില്‍വിയ മൊറാമാക്രോയും പാവ ഡിസൈനര്‍മാരുടെ കാറിലുണ്ടായിരുന്നു. ഗിയര്‍ണി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സില്‍വിയ ആകട്ടെ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ബാര്‍ബിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇരുവരുടേയും മരണത്തില്‍ ദുഖം പ്രകടിപ്പിച്ചു. ‘പാവകളുടെ ലോകത്തെ എന്നെന്നേക്കുമായി രൂപപ്പെടുത്തിയ രണ്ട് അമൂല്യ കലാകാരന്മാര്‍’ എന്നാണ് അവരെ വിശേഷിപ്പിച്ചത്.
പഗ്ലിനോയും ഗ്രോസിയും 1999 ല്‍ കസ്റ്റം പാവകളില്‍ വൈദഗ്ദ്ധ്യമുള്ള മാഗ്‌നിയ 2000 എന്ന കമ്പനി സ്ഥാപിച്ചു. 2016 ല്‍ ബാര്‍ബി ഫാഷന്‍ ഡിസൈനര്‍ കരോള്‍ സ്‌പെന്‍സറില്‍ നിന്ന് ബാര്‍ബി ബെസ്റ്റ് ഫ്രണ്ട് അവാര്‍ഡ് ലഭിച്ചു. ഗായകരായ ചെര്‍, ലേഡി ഗാഗ, നടിമാരായ സാറാ ജെസീക്ക പാര്‍ക്കര്‍, സോഫിയ ലോറന്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ രൂപത്തിലുള്ള സെലിബ്രിറ്റി പാവകള്‍ക്ക് പേരുകേട്ടവരാണ് ഇരുവരും.