
വാഷിംഗ്ടൺ : യുഎസ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിശ്വസ്ത പിന്തുണക്കാരിയായിരുന്ന ജോർജിയയിലെ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ. ട്രംപുമായി കടുത്ത ഭിന്നതയിലായിരുന്ന ഗ്രീൻ ജനുവരിയിൽ താൻ കോൺഗ്രസ് വിട്ടുപോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിലെയും വിദേശനയത്തിലെയും ആരോഗ്യ സംരക്ഷണത്തിലെയും നിലപാടുകളെ കോൺഗ്രസ് വനിത വിമർശിച്ചതിനെത്തുടർന്ന്, സമീപ മാസങ്ങളിൽ ട്രംപുമായുള്ള പരസ്യമായ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ഗ്രീന്റെ രാജി. ഓൺലൈനിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് തൻ്റെ തീരുമാനം ഗ്രീൻ വിശദീകരിച്ചത്. “വാഷിംഗ്ടൺ ഡി.സി.യിൽ താൻ എപ്പോഴും വെറുക്കപ്പെട്ടവളാണെന്നും ഒരിക്കലും അതിൽ ചേരില്ലെന്നും” ഗ്രീൻ പറയുന്നു. 2026 ജനുവരി 5 ആയിരിക്കും കോൺഗ്രസിൽ തന്റെ അവസാന ദിവസം എന്നും അവർ പറഞ്ഞു.
ട്രംപ് അവരെ “രാജ്യദ്രോഹി” എന്നും “വിചിത്ര വ്യക്തി” എന്നും മുദ്രകുത്തുകയും അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ അവർക്കെതിരെ മത്സരിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പറഞ്ഞിരുന്നു. ഗ്രീനിൻ്റെ തീരുമാനത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ രാഷ്ട്രീയത്തെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നവരിൽ ഒരാളായിരുന്നു ഗ്രീൻ.
Marjorie Taylor Greene of Georgia says she is resigning from Congress











