
ഒട്ടാവ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി മാര്‍ക്ക് കാര്‍നി എത്തുന്നു. ലിബറല്‍ പാര്‍ട്ടി നേതാവായും കാനഡയുടെ 24ാം പ്രധാനമന്ത്രിയായും കാര്‍നിയെ പ്രഖ്യാപിച്ചു. 2008 മുതല്‍ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവര്‍ണറായിരുന്ന കാര്‍നി ട്രൂഡോയുടെ പിന്‍ഗാമിയായി ലിബറല്‍ പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുള്ളവരില്‍ മുന്നിലായിരുന്നു.
ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായിരുന്ന ഇദ്ദേഹം, 2011 മുതല്‍ 2018 വരെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെടാതെ കാനഡയെ പ്രതിരോധിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ എതിരാളിയായാണ് കാര്‍നിയെ പലരും വിലയിരുത്തുന്നത്.
”വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് ആഗ്രഹം. ട്രംപിന്റെ താരിഫ് ഭീഷണികളെ കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യുഎസ് കൈകോര്‍ക്കണം. അതുവരെ തിരിച്ചടികള്‍ തുടരും. കാനഡയുടെ വിഭവങ്ങളും ഭൂമിയും രാജ്യവും അമേരിക്കക്കാര്‍ ആഗ്രഹിക്കുന്നു. ഇതു കാനഡക്കാരുടെ ജീവിതരീതിയെ നശിപ്പിക്കും” പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ കാര്‍നി പറഞ്ഞു.















