ടൊറന്റോ – അമേരിക്കയിലെ അടുത്ത അംബാസഡറായി ധനകാര്യ രംഗത്തെ പ്രമുഖനായ മാർക്ക് വൈസ്മാനെ നിയമിച്ചതായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയുമായുള്ള ബന്ധത്തിൽ നിർണക സമയത്താണ് ഈ നിയമനം. ഫെബ്രുവരി 15ന് വൈസ്മാൻ ചുമതലയേൽക്കും. കാനഡയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പുനഃപരിശോധന സംബന്ധിച്ച ചർച്ചകളിലും അദ്ദേഹം പങ്കാളിയാകും. നിലവിലെ അംബാസഡർ കിർസ്റ്റൻ ഹിൽമാൻ രാജിവച്ചതിനെ തുടർന്നാണ് വൈസ്മാന്റെ നിയമനം.
അമേരിക്കയുമായുള്ള നമ്മുടെ ബന്ധം മാറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് മാർക്ക് വൈസ്മാന്റെ അനുഭവവും ബന്ധങ്ങളും ഏറെ പ്രയോജനപ്പെടുമെന്നും ചർച്ചാ സംഘത്തിലെ പ്രധാന അംഗമായി അദ്ദേഹം കാനഡയിലെ തൊഴിലാളികളുടെയും ബിസിനസുകളുടെയും താൽപ്പര്യങ്ങൾ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
55 വയസുള്ള വൈസ്മാൻ, കാനഡ പെൻഷൻ പ്ലാനിന്റെ നിക്ഷേപ ഫണ്ടും ഒന്റാറിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാനിലെ ഓഹരി ഫണ്ടുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കാർണിയുമായി അടുത്ത സൗഹൃദവുമുണ്ട്. 2016ൽ ലോകത്തിലെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്കിൽ അദ്ദേഹം ഉന്നത പദവിയിൽ എത്തി. കാനഡ പെൻഷൻ പ്ലാനിൻ്റെ തലപ്പത്തും പ്രവർത്തിച്ചു. നിയമത്തിലും ബിസിനസിലും ബിരുദമുള്ള അദ്ദേഹം മുൻപ് കാനഡ സുപ്രീം കോടതിയിൽ ജഡ്‌ജിയുടെ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ബിസിനസ് പശ്ചാത്തലമാണ് വൈസ്മാന്റേത്. എന്നാൽ അദ്ദേഹത്തിന് മുമ്പ് നയതന്ത്ര പരിചയം ഇല്ല,” എന്നാണ് മക്‌ഗിൽ സർവകലാശാലയിലെ പ്രൊഫസർ ഡാനിയൽ ബെലാൻഡ് പറയുന്നത്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം വളരെ ശക്തമാണ്. അമേരിക്കയിലെ 36 സംസ്ഥാനങ്ങൾക്ക് കാനഡയാണ് ഏറ്റവും വലിയ കയറ്റുമതി വിപണി. ദിവസേന ബില്ല്യൺ ഡോളർ മൂല്യമുള്ള ചരക്കുകളും സേവനങ്ങളും അതിർത്തി കടക്കുന്നു. അമേരിക്കയ്ക്ക് ആവശ്യമായ എണ്ണ, വൈദ്യുതി, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുടെ വലിയ പങ്ക് കാനഡയിൽ നിന്നാണ് ലഭിക്കുന്നത്.
Mark Wiseman is Canada’s new ambassador to the US









