
ഇടുക്കി: സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിണറായി സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചതിലൂടെ വലിയ ശ്രദ്ധനേടിയ അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ നടന്ന പരിപാടിയിൽവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മറിയക്കുട്ടിയെ അംഗത്വം നൽകി സ്വീകരിച്ചത്. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്.
ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. മറിയക്കുട്ടിയെ പിന്തുണച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി ഇവർക്ക് വീട് പോലും നിർമിച്ചു നൽകിയിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസും സിപിഎമ്മും ശരിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് മറിയക്കുട്ടി ബിജെപി അംഗത്വം എടുത്തത്. സ്വന്തം ഇഷ്ടപ്രകാരമാണ് ബിജെപിയിൽ ചേർന്നത്. തനിക്ക് സഹായം ചെയ്യുന്നവരോടൊപ്പം നിൽക്കും. കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാനാകാത്ത അവസ്ഥയാണെന്നും താൻ ഒറ്റക്കല്ലെന്നും മറിയക്കുട്ടി പറഞ്ഞു.