മസാല ബോണ്ട് കേസ്: ഇഡി നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹൈക്കോടതിയിൽ

കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഫെമ ലംഘന ആരോപണവുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജി നാളെ പരിഗണിക്കും. കിഫ്ബിയുടെ നേരത്തെയുള്ള ഹർജിയിൽ ഇഡിയുടെ തുടർനടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം.

നവംബർ 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. അബ്രഹാം എന്നിവർക്കാണ് ഇഡി നോട്ടീസ് നൽകിയത്. 2019-ൽ മസാല ബോണ്ട് വഴി സമാഹരിച്ച തുകയിൽനിന്ന് 466.92 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് ഉപയോഗിച്ചത് ഫെമ നിയമലംഘനമാണെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഈ ആരോപണത്തിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കിഫ്ബിയുടെ ഹർജിയിൽ ഇഡി റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ നാല് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഭൂമി ഇടപാട് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ല, വികസന ആവശ്യങ്ങൾക്കുള്ളതാണെന്നായിരുന്നു കിഫ്ബിയുടെ വാദം. ഇഡിയോട് വിശദമായ മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചിട്ടുണ്ട്. മറുപടി ലഭിച്ചശേഷം കേസിൽ തുടർവാദം നടക്കും.

More Stories from this section

family-dental
witywide