
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിനിടെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ജയ്ഷെ കമാൻഡർ മുഹമ്മദ് ഇല്യാസ് കശ്മീരി, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേയ് 7ന് ബഹാവൽപുരിൽ മസൂദ് അസ്ഹറിന്റെ കുടുംബം താമസിച്ചിരുന്ന ഒളിത്താവളത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ മസൂദിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, ഭാര്യ, അനന്തരവൾ, അഞ്ച് കുട്ടികൾ ഉൾപ്പെടെ മസൂദിന്‍റെ കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടതായാണ് വിവരം. മസൂദിന്‍റെ കുടുംബത്തിനേറ്റത് കനത്ത പ്രഹരമാണെന്നും പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയെന്നുമാണ് ജയ്ഷെ കമാൻഡർ മുഹമ്മദ് ഇല്യാസ് കശ്മീരി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.
ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനും ജയ്ഷെ മുഹമ്മദിന്റെ പ്രധാനിയുമായ മുഹമ്മദ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടു. 1999 ലെ കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിൽ പ്രധാന പങ്കുവഹിച്ച യൂസഫിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ‘ഉസ്താദ് ജി’ എന്നറിയപ്പെട്ടിരുന്ന ഇയാൾ ജയ്ഷെ ഭീകരർക്ക് ആയുധ പരിശീലനം നൽകുന്നതിലും ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിലും നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ മസൂദിന്റെ നാല് അടുത്ത അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര പരിശീലന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പ്രത്യാക്രമണമായിരുന്നു. ഈ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം ഈ പ്രത്യാക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഒളിത്താവളങ്ങളെ തകർക്കാനുള്ള ഇന്ത്യയുടെ ഈ ശക്തമായ നീക്കം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒരു നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.













