പാകിസ്താനിൽ ‘ബ്രെയിൻ ഡ്രെയിൻ’, പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം, അമേരിക്കയിലെ പ്രസംഗത്തിൽ ‘ബ്രെയിൻ ഗെയിൻ’ എന്ന് വിശേഷിപ്പിച്ച അസിം മുനീറിനെതിരെ പരിഹാസം

കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം പാകിസ്താനിൽ നിന്ന് വിദഗ്ധ തൊഴിലാളികളുടെ വൻതോതിലുള്ള പലായനം (Brain Drain) തുടരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം അയ്യായിരത്തോളം ഡോക്ടർമാരും പതിനായിരത്തിലേറെ എൻജിനീയർമാരും പതിമൂവായിരത്തോളം അക്കൗണ്ടന്റുകളും രാജ്യം വിട്ടതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യമേഖലയെയാണ് ഈ പ്രതിഭാസം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്; 2011 മുതൽ 2024 വരെയുള്ള കാലയളവിൽ പാക് നഴ്സുമാരുടെ കുടിയേറ്റത്തിൽ 2144 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

വൈറ്റ് കോളർ പ്രൊഫഷണലുകൾ കൂട്ടത്തോടെ രാജ്യം വിടുന്നതിനെ പാക് സൈനിക മേധാവി അസിം മുനീർ ‘ബ്രെയിൻ ഗെയിൻ’ എന്ന് അമേരിക്കയിൽ നടത്തിയ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചത് വൻ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. അമേരിക്കയിൽ പ്രവാസികളെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സൈനിക മേധാവി വസ്തുതകൾ മറച്ചുവെച്ച് വിചിത്രമായ വാദങ്ങൾ ഉന്നയിക്കുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

വിദേശ രാജ്യങ്ങളിൽ തൊഴിലിനായി രജിസ്റ്റർ ചെയ്യുന്ന പാക് പൗരന്മാരുടെ എണ്ണത്തിലും റെക്കോർഡ് വർധനവാണുള്ളത്. 2024-ൽ ഏഴ് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തപ്പോൾ, ഈ വർഷം നവംബർ വരെ ആറ് ലക്ഷത്തിലേറെ പേർ വിദേശത്തേക്ക് പോകാൻ അനുമതി തേടി. ഭിക്ഷാടനത്തിനും നിയമവിരുദ്ധ കുടിയേറ്റത്തിനുമായി ആയിരക്കണക്കിന് പാകിസ്താനികളെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാടുകടത്തുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് രാജ്യത്തെ പ്രൊഫഷണലുകളും നാടുവിടുന്നത്. പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയ സാഹചര്യമാണ് മെച്ചപ്പെടുത്തേണ്ടതെന്ന് മുൻ പാക് സെനറ്റർ മുസ്തഫ നവാസ് ഖോഖർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide