
വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ മേഖലയില്‍ മറ്റൊരു കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ട്രംപ് ഭരണകൂടം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സില്‍ നിന്നാണ് ഇത്തവണ കൂട്ടമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 80,000-ത്തില്‍ അധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൈനികരായിരുന്ന ആളുകളുടെ ആരോഗ്യപരിരക്ഷ ഉള്‍പ്പെടെയുള്ളവ ഉറപ്പാക്കുന്നതിനുള്ള വകുപ്പാണ് വെറ്ററന്‍സ് അഫയേഴ്‌സ്.
വെറ്ററൻസ് അഫയേഴ്‌സ് മേധാവി ക്രിസ്റ്റഫര്‍ സിറെക് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അനാവശ്യ ചെലവുകള്‍ കുറയ്ക്കുകയും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഇത്തരത്തിലുള്ള ഒരു തീരുമാനം കൈകൊള്ളുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. വെറ്ററൻസ് അഫയേഴ്‌സില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കായി ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പുമായി ജീവനക്കാര്‍ സഹകരിക്കണമെന്നാണ് ക്രിസ്റ്റഫര്‍ സിറെക് പുറത്തിറക്കിയിട്ടുള്ള അറിയിപ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ നിര്‍ദേശം അനുസരിച്ച് വെറ്ററൻസ് അഫയേഴ്‌സ് വകുപ്പിനെ ജീവനക്കാര്‍ 2019-ല്‍ എത്ര ആയിരുന്നോ ഈ എണ്ണത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പറയുന്നത്. 2019-ല്‍ നാലുലക്ഷം ആളുകളാണ് ഈ വകുപ്പിന് കീഴില്‍ ജോലി ചെയ്തിരുന്നത്. ഇത് അനുസരിച്ച് 82,000 ആളുകള്‍ക്ക് ഇപ്പോള്‍ ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍.
ട്രംപിന്റെ ഭരണകൂടത്തിന് കീഴില്‍ ആഹ്വാനം ചെയ്തിട്ടുള്ള പിരിച്ചുവിടലുകളില്‍ ഏറ്റവുമധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നത് ഈ വകുപ്പിലായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. യു.എസില്‍ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വകുപ്പാണ് വെറ്ററൻസ് അഫയേഴ്‌സ്. ഇതില്‍ നിന്ന് കൂട്ടമായി ആളുകളെ പിരിച്ചുവിടുന്നതിനെതിരേ സൈനിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മകളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുമെല്ലാം എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഫെഡറല്‍ മേഖലയില്‍ നിന്ന് 25,000 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Mass layoffs at the Department of Veterans Affairs in US















