കൂടത്തായി ജോളി, നെന്മാറയിലെ ചെന്താമര, ജീൻസൺ രാജയുടെ സാത്താൻ സേവ: കേരളം നടുങ്ങിയ കൂട്ടക്കൊലകൾ

തിരുവനന്തപുരം: കൂട്ടക്കൊലകളിൽ നടുങ്ങുകയാണ് കേരളം. കൂടത്തായി, നെന്മാറ കൂട്ടക്കൊലകൾക്കു പിന്നാലെ തിരുവനന്തപുരത്ത് വീണ്ടുമൊരു കൂട്ടക്കൊലകൂടി. ആലുവ കൂട്ടക്കൊലയും കൂടത്തായി സംഭവവും കേരളത്തെ നടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 23-കാരന്റെ ക്രൂരപ്രവൃത്തിയിൽ കേരളം ഞെട്ടിയത്.

കൂടത്തായി ജോളി

സ്വത്തു തട്ടിയെടുക്കാൻ കൂടത്തായി കൊലപാതകങ്ങൾ സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെ കാലയളവിൽ ജോളി ജോസഫ് എന്ന സ്ത്രീ നടത്തിയ ആസൂത്രിത കൊലപാതക പരമ്പരയാണ് കൂടത്തായി കൂട്ടക്കൊല. 14 വർഷത്തിനിടെയാണ് കോഴിക്കോട് , കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ അഞ്ചിന് മുഖ്യപ്രതി ജോളി അറസ്റ്റിലായി. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ, ഷാജു സ്കറിയയുടെ ഭാര്യ സിലി എന്നിവരാണ്‌ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. റോയ്‌ തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മറ്റ് അഞ്ച് മൃതദേഹങ്ങളും ജോളി തന്റെ സ്വാധീനമുപയോഗിച്ച് പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിച്ചെന്നാണ് കണ്ടെത്തൽ.

നന്തൻകോട്ടെ ‘സാത്താൻ സേവ’

മാതാപിതാക്കൾ, സഹോദരി, ബന്ധു എന്നിങ്ങനെ നാലുപേരുടെ ജീവനെടുത്ത നന്തൻകോട് കൂട്ടക്കൊലയാണ് കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവം. കേഡൽ ജീൻസൺ രാജയെന്ന യുവാവായിരുന്നു ‘ആസ്ട്രൽ പ്രൊജക്ഷൻ’ എന്ന സാത്താൻസേവയുടെ പേരിൽ കൊലപാതകം നടത്തിയത്. 2017 ഏപ്രിൽ 9-ന് ക്ലിഫ്ഹൗസിനു സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പദ്‌മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ഇവരുടെ ആത്മാവിനെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് കേഡൽ അവകാശപ്പെട്ടത്.

ആലുവ കൂട്ടക്കൊല

ആലുവ കൂട്ടക്കൊല നടന്നിട്ട് കാൽനൂറ്റാണ്ട് തികയാറായി. 2001 ജനുവരി ആറിനാണ് ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിലെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെട്ടത്. ആലുവ റയിൽവേ സ്റ്റേഷനു സമീപത്ത് ഹാർഡ്‌വേർ ഷോപ്പ് നടത്തിയിരുന്ന അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജോമോൻ, ദിവ്യ, അഗസ്റ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവും വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയായിരുന്നു പ്രതി. വിദേശത്തേക്കു ജോലിക്കുപോകാൻ പണം ആവശ്യപ്പെട്ടിട്ട് കൊച്ചുറാണി നൽകാത്തതായിരുന്നു കൂട്ടക്കൊലയ്ക്കു കാരണമായി കണ്ടെത്തിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആന്റണിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു.

ചെന്താമരയും ഋതുവും

ഒരുമാസം മുൻപ്‌ നെന്മാറയിലും ചേന്ദമംഗലത്തും പാലക്കാട് കൊല്ലങ്കോട് പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണിപ്പോഴും കേരളം. പോത്തുണ്ടി തിരുത്തമ്പാടം ബായൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരെ ചെന്താമര എന്ന പ്രതി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസംതന്നെയാണ് എറണാകുളം ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതിമാരെയും മകളെയും വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ടു തലയ്ക്കടിച്ചുകൊന്ന സംഭവവുമുണ്ടായത്. പേരേപ്പാടം കാട്ടിപ്പറമ്പിൽവീട്ടിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. പേരേപ്പാടം സ്വദേശി ഋതുവാണ് പ്രതി. വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഋതുവിന്റെ മൊഴി.

കൊലപാതകത്തിനൊടുവിൽ ആത്മഹത്യ

മകളെയും മാതാപിതാക്കളെയും ഉൾപ്പെടെ യുവതി കൊലപ്പെടുത്തിയ പിണറായി കൂട്ടക്കൊലയും കേരളത്തെ ഞെട്ടിച്ചു. 2012 സെപ്റ്റംബർ 9-ന് കണ്ണൂർ പിണറായി പടന്നക്കര മണ്ണത്താൻ വീട്ടിൽ ഒന്നര വയസ്സുകാരി കീർത്തന മരിച്ചത് ഈ കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു. വിഷം ഉള്ളിൽച്ചെന്നായിരുന്നു മരണം. പിന്നീട് ആറു വർഷങ്ങൾക്കുശേഷം സഹോദരി ഐശ്വര്യ കിഷോർ ഛർദിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. 43 ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ അമ്മൂമ്മ കമല മരിച്ചു. കമല മരിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് കുഞ്ഞികൃഷ്ണനും സമാനരീതിയിൽ മരിച്ചു. പിന്നെ കുടുംബത്തിൽ അവശേഷിച്ചത് സൗമ്യ മാത്രമായിരുന്നു. അന്വേഷണസംഘം പ്രതിയായ സൗമ്യയിലേക്കെത്തി. കണ്ണൂർ വനിതാ ജയിലിലായ സൗമ്യ പിന്നീട് ആത്മഹത്യചെയ്തു.

mass murders of Kerala

More Stories from this section

family-dental
witywide