
റോം: തെക്കുകിഴക്കന്‍ റോമിലെ ഇന്ധന സ്റ്റേഷനിലുണ്ടായ മാരകമായ സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ റോമിലെ കാസിലിനോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ഒമ്പത് പേര്‍ നിയമപാലകരില്‍ നിന്നുള്ളവരാണ്. ഒരാള്‍ ഒരു അഗ്‌നിശമന സേനാംഗമാണ്. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.
വെള്ളിയാഴ്ചയാണ് റോമിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. തെക്കുകിഴക്കന്‍ റോമിലെ സെന്റോസെല്ലെയിലെ ഒരു പെട്രോള്‍, എല്‍പിജി സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ 8:20 ഓടെ (പ്രാദേശിക സമയം) ഇന്ധനം നിറയ്ക്കല്‍ പ്രവര്‍ത്തനത്തിനിടെയാണ് സ്‌ഫോടനം നടന്നത്. ഗ്യാസ് സ്റ്റേഷനിലെ സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി, റോമിലുടനീളം സ്‌ഫോടനത്തിന്റെ പ്രകമ്പനം കേട്ടു. നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇരുണ്ട പുക നിറഞ്ഞു. ഉയര്‍ന്ന തീനാളങ്ങള്‍ വിദൂരത്തുനിന്നുപോലും ദൃശ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
സാഹചര്യം കണക്കിലെടുത്ത്, വാതക ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക പൊലീസും അഗ്‌നിശമന സേനാംഗങ്ങളും കിണഞ്ഞ് പരിശ്രമിച്ചതായി റോം മേയര്‍ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരി പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെ വീണ്ടും രണ്ട് സ്‌ഫോടനങ്ങള്‍ക്കൂടി ഉണ്ടായി. ഇതിലാണ് 9 പൊലീസുകാര്‍ക്കും ഒരു അഗ്നിശമനാസേനാ ഉദ്യോഗസ്ഥനും പരുക്കേറ്റത്. തീ നിയന്ത്രണവിധേയമാക്കാന്‍ പതിനഞ്ച് അഗ്‌നിശമന സംഘങ്ങള്‍ സ്ഥലത്തെത്തിയതായാണ് വിവരം.
സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് റോം പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.