
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകരുകയും അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല ഭാരി ഗ്രാമത്തിലാണ് സംഭവം. വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. പ്രദേശത്ത് പൊലീസ്, അഗ്നിശമന സേന, പ്രാദേശിക ഭരണ ഉദ്യോഗസ്ഥർ അടക്കമുള്ള രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. എസ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്.
അതേസമയം, സ്ഫോടനം നടന്ന വീടിന് സമീപത്തെ മറ്റ് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൂടാതെ നാട്ടുകാരോട് സ്ഥലത്ത് നിന്ന് ദൂരേക്ക് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് പേരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലത്തെത്താനും, പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും, രക്ഷാപ്രവർത്തനവും സഹായ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. എന്നാൽ, സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സർക്കിൾ ഓഫീസർ (സി.ഒ.) ശൈലേന്ദ്ര സിംഗ് വ്യക്തമാക്കി.