തെക്കൻ കാലിഫോർണിയയിലെ ഷെവ്‌റോൺ റിഫൈനറിയിൽ വ്യാഴാഴ്ച വൈകുന്നേരം വൻ തീപിടുത്തം ഉണ്ടായി. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചുവെന്നും അപകടത്തിൽ ആളപായമില്ലെന്നും കമ്പനിയും സർക്കാർ ഉദ്യോഗസ്ഥരും പറഞ്ഞു. വൻതോതിൽ തീപിടുത്തമുണ്ടായെങ്കിലും കാരണം എന്താണെന്ന് പെട്ടെന്ന് വ്യക്തമായിട്ടില്ല. “എല്ലാ റിഫൈനറി ജീവനക്കാരെയും കരാറുകാരെയും വിവരമറിയിച്ചിട്ടുണ്ട്, ആർക്കും പരിക്കില്ലെന്ന് ഷെവ്‌റോൺ വക്താവ് അലിസൺ കുക്ക് എബിസി ന്യൂസിനോട് പറഞ്ഞു.
തീപിടുത്തത്തെക്കുറിച്ച് ഗവർണർ ഗാവിൻ ന്യൂസോമിനെ അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ചുറ്റുമുള്ള സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക, സംസ്ഥാന ഏജൻസികളുമായി തത്സമയം ഏകോപിപ്പിച്ചുവെന്ന് ഗവർണറുടെ ഓഫീസ് പറഞ്ഞു. ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്താണ് ഈ വലിയ റിഫൈനറി സ്ഥിതി ചെയ്യുന്നത്.
റിഫൈനറിക്ക് സ്വന്തമായി ഒരു അഗ്നിശമന സേനാ വിഭാഗമുണ്ട്. എൽ സെഗുണ്ടോ, മാൻഹട്ടൻ ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള അടിയന്തര ഉദ്യോഗസ്ഥരും ഷെവ്‌റോണിന്റെ അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് തീ അണച്ചതെന്നും ഷെവ്‌റോൺ വക്താവ് പറഞ്ഞു. അതേസമയം, അപകടം കൂടുതൽ വ്യാപിക്കാത്തതിനാൽ പ്രദേശവാസികളെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.













