
ടെക്സസ്: ടെക്സസിലെ ഗാൽവെസ്റ്റണിനടുത്തുള്ള പ്രവർത്തനരഹിതമായ ഒരു പവർ പ്ലാന്റിൽ വൻ തീപിടുത്തം. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. ഒന്നിലധികം ഏജൻസികളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ ശാന്തമാക്കാൻ തീവ്ര ശ്രമത്തിലാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിച്ച പവർ പ്ലാന്റ് 1990 കളിൽ പ്രവർത്തനം നിർത്തിവെച്ചതാണെന്ന് റിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 2:44 ഓടെ തീപിടുത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കാൻ തുടങ്ങിയെന്ന് കെമാ ഫയർ ഡിപ്പാർട്ട്മെന്റ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ പവർ പ്ലാന്റ് പൂർണ്ണമായും കത്തിനശിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
തീപിടുത്തത്തെത്തുടർന്ന് സാൻ ലിയോൺ ഉൾപ്പെടെയുള്ള ഗാൽവെസ്റ്റൺ കൗണ്ടിയിലെ നിരവധി നഗരങ്ങളിൽ വലിയ കറുത്ത പുകച്ചുരുളുകൾ ആകാശത്ത് നിറഞ്ഞിരിക്കുകയാണ് . ഗാൽവെസ്റ്റൺ കൗണ്ടിയിലെ 146 ഹൈവേയ്ക്ക് സമീപമായാണ് പവർ പ്ലാന്റുള്ളത്. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് കെമയിലെ പൊലീസ് പറഞ്ഞു. വൈദ്യുതി ലൈനുകളിലേക്കും തീ പടർന്ന് ആശങ്ക വർദ്ധിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ്, തീ നിയന്ത്രണവിധേയമാക്കിയതായും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തുണ്ടെന്നും കെമ ഫയർ ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. തീ പൂർണ്ണമായും അണയ്ക്കാൻ ഏതാനും മണിക്കൂറുകൾ കൂടി വേണ്ടിവരുമെന്നാണ് ഗാൽവെസ്റ്റൺ കൗണ്ടിയിലെ ടെക്സസ് സിറ്റിയുടെ വക്താവ് ജോ ടംബിൾസൺ അറിയിച്ചിരിക്കുന്നത്.
Massive fire breaks out at decommissioned Texas power plant.














