കോഴിക്കോട് ടെക്സ്റ്റയിൽസിൽ വൻ തീപിടിത്തം, ബസ് സ്റ്റാൻഡിനകത്തെ കൂടുതൽ തുണിക്കടകളിലേക്ക് തീ ആളിക്കത്തി, വാഹന ഗതാഗതം നിർത്തി, തീയണക്കാൻ തീവ്രശ്രമം

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കടയിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റ് തുണിക്കടകളിലേക്കും തീ ആളിക്കത്താൻ തുടങ്ങി. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ബീച്ച് അ​ഗ്നി രക്ഷാ യൂണിറ്റിലെ സംഘത്തെ സ്ഥലത്ത് വിന്യസിപ്പിച്ചു. കടയിൽ നിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നുണ്ട്. കടയുടെ ഭാഗത്തേയ്ക്കുള്ള വാഹന ​ഗതാ​ഗതം പൊലീസ് നിർത്തിവച്ചു.

കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുകയാണ്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. പുക ഉയർന്ന സമയത്ത് തന്നെ കടയിൽ നിന്ന് ആളുകൾ പുറത്ത് ഇറങ്ങിയതായാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടയ്ക്കുള്ളിലേക്ക് വലിയ തോതിൽ തീ പടര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുകയാണ്. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് സ്റ്റേഷനുകളിലെ ഫയര്‍ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.താഴത്തെ നിലയിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നാണ് രണ്ടാം നിലയിലുള്ള തുണിക്കടയിലേക്ക് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സമീപത്തെ കടകളിലുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. ബസ് സ്റ്റാൻഡിലെ എല്ലാ ബസുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു. അഗ്നി രക്ഷാ സേനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ചെയ്തുവരികയാണ്.

More Stories from this section

family-dental
witywide