
ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. തായ് പോ ജില്ലയിൽ 2000 ഫ്ലാറ്റുകൾ ഉള്ള കൂറ്റൻ കെട്ടിടത്തിൽ ആണ് തീ പടർന്നത്. 13 മരണം സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർ പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഒട്ടേറെ പേർ കുടുങ്ങി കിടക്കുന്നതായി സംശയം ഉണ്ട്. നൂറു കണക്കിനാളുകളെ സാഹസികമായി രക്ഷപ്പെടുത്തി. മരിച്ചവരിൽ ഒരാൾ രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗമാണെന്ന് സ്ഥിരീകരിച്ചു. അപ്പാർട്ട്മെന്റ് ബ്ലോക്കുകൾക്ക് പുറത്ത് നവീകരണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള വലയത്തിലൂടെ ആണ് തീ അതിവേഗം പടർന്നതെന്ന് കരുതുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
കനത്ത പുകയും തീയും ആകാശത്തേക്ക് ഉയർന്നത് നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തായ് പോ റോഡ് പൂർണമായി അടച്ചു, ബസ് സർവീസുകൾ റീറൂട്ട് ചെയ്തു. ജില്ലയിലെ ഔദ്യോഗികർ താത്കാലിക ഷെൽട്ടറുകൾ ഏർപ്പെടുത്തി, ഏകദേശം 4000 താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ ബാംബൂ സ്കാഫോൾഡിങ് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഈ വർഷം പൊതു പ്രോജക്ടുകളിൽ ഇത് ഘട്ടംഘട്ടമായി നിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.














