
തായ്‌പോ : ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. പരിക്കേറ്റ 50 ഓളം പേരുടെ നില ഗുരുതരമാണെന്നും 300 ഓളം പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഏറ്റവും ഉയരമുള്ളതുമായ റെസിഡൻഷ്യൽ ബ്ലോക്കുകൾ ഉള്ള നഗരത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. മരിച്ചവരിൽ 37 വയസ്സുള്ള ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു, രക്ഷാപ്രവർത്തനത്തിനിടെ സഹപ്രവർത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ട ഇദ്ദേഹത്തെ അരമണിക്കൂറിനുശേഷം മുഖത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതായി ഫയർ സർവീസ് ഡയറക്ടർ ആൻഡി യൂങ് പറഞ്ഞു. പക്ഷേ രക്ഷിക്കാനായില്ല.
നവീകരണത്തിലിരിക്കുന്ന 32 നിലകളുള്ള ഒരു ടവറിൻ്റെ മുള കൊണ്ടുള്ള മേല്‍ത്തട്ടിന് തീപിടിച്ചതാണ് ദുരന്തത്തിന് കാരണം. എട്ട് ടവറുകളുള്ള ഭവന സമുച്ചയത്തിലെ ഏഴ് കെട്ടിടങ്ങളിലേക്ക് വേഗത്തിൽ തീപടർന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്‌തു. തീപിടിത്തം ഉണ്ടായ പാര്‍പ്പിട സമുച്ചയത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ആണ് അറസ്റ്റില്‍ ആയത്. തീപിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കള്‍ ഇവിടെ വച്ച് പോയതാണ് ദുരന്തത്തിൻ്റെ കാരണമെന്നാണ് നിഗമനം.
മൂന്ന് പതിറ്റാണ്ടിനിടയില്‍ ഹോങ്കോങ്ങിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സമുച്ചയത്തിലെ ജനങ്ങള്‍ പരിഭ്രാന്തരായി നെട്ടോട്ടമോടുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. തീ ഇനിയും പൂർണമായി നിയന്ത്രണത്തിലായിട്ടില്ല. കാണാതായവര്‍ക്കായി അടിയന്തര സംഘങ്ങൾ തെരച്ചിൽ തുടരുന്നുവെന്നും പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചെന്നും ഹോങ്കോങ്ങിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു
Massive fire breaks out in high-rise buildings in Hong Kong; Death toll rises to 44, nearly 300 missing; Three arrested.














