
ന്യൂഡൽഹി : മത നിന്ദ ആരോപിച്ച് ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനു മുന്നിൽ വൻ പ്രതിഷേധം. വിശ്വഹിന്ദു പരിഷത്ത് (VHP), ബജ്‌രംഗ് ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനക്കാർ ഹൈക്കമ്മീഷനു മുന്നിലെ പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ശ്രമിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ വിസ, കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.
അതിനിടെ, പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് ഹൈക്കമ്മീഷന് ചുറ്റും മൂന്ന് തലങ്ങളിലായി കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. പ്രതിഷേധങ്ങൾ സമാധാനപരമാണെന്നും നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. യുവാവിന്റെ കൊലപാതകം അതിക്രൂരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.
ബംഗ്ലാദേശിലെ മൈമെൻസിംഗിൽ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ യുവാവിൻ്റെ മൃതദേഹം കത്തിച്ചിരുന്നു. സംഭവത്തിൽ ഇതിനോടകം ഏഴോളം പേരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Massive protest in front of Bangladesh High Commission in Delhi over mob lynching of Hindu youth in Bangladesh













